രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അന്വേഷണത്തിന് സമിതി

യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാര്‍ട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തില്‍ അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ. അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും എല്ലാം നേതൃത്വം അന്വേഷിക്കും. പാര്‍ട്ടിക്ക് ലഭിച്ച മറ്റു പരാതികളും പരിശോധിക്കും.

കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോണ്‍ഗ്രസിന് കെപിസിസി നല്‍കുന്ന ഉപദേശം. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്ത് പ്രതിസന്ധി മറികടക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

അതേസമയം യൂത്ത് കോണ്‍ഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ബിനു ചുള്ളിയില്‍, അബിന്‍ വര്‍ക്കി, കെ എം അഭിജിത്ത്, ജെ എസ് അഖില്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ഇതുവഴി സംഘടനയെ സജീവമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് പ്രതിനിധി ദീപ ദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്.

ADVERTISEMENT