സുധാകരന് ചെക്ക് വെക്കാൻ പാർട്ടി?; വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് വി എ അരുൺ കുമാറുമായി പാർട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കട്ടെ എന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ എച്ച് സലാമിന്റെ കാര്യത്തിൽ പുനരാലോചനയുണ്ടാകും.

സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കും. സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന് തന്നെയാണ് വിവരം. അമ്പലപ്പുഴ മണ്ഡലത്തിൽ തന്നെയാകും മത്സരിക്കുക . സംഘടനകള്‍ക്ക് തന്നോട് അനുഭാവമുണ്ടെങ്കില്‍ പിന്തുണക്കാമെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിക്കുക. അതേസമയം സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

കഴിഞ്ഞ ദിവസവും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരന്റെ വീട്ടിലെത്തിയിരുന്നു. അവസാനവട്ട അനുനയശ്രമത്തിനാണ് നേതാക്കൾ സുധാകരന്റെ വീട്ടിലെത്തിയത്. എന്നാൽ നേതാക്കളെ വീടിനുള്ളിൽ സുധാകരൻ കയറ്റിയില്ല. പുറത്തിരുന്നാണ് നേതാക്കൾ സുധാകരനുമായി സംസാരിച്ചത്. ജില്ലാ സെക്രട്ടറി ആര്‍ നാസറും സുധാകരന്റെ വസതിയിലെത്തിയിരുന്നു.

വാർത്താസമ്മേളനം ഒഴിവാക്കാനാണ് നേതാക്കൾ പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ സുധാകരൻ വഴങ്ങിയില്ല. സുധാകരനുമായുള്ള ചർച്ചയ്ക്കുശേഷം പുറത്തുവന്ന നേതാക്കൾ എന്താണ് സംസാരിച്ചത് എന്ന കാര്യം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. സുധാകരനെ കണ്ടുവെന്നും നിരാശരായല്ല മടങ്ങുന്നത് എന്നും മാത്രമാണ് നേതാക്കൾ പറഞ്ഞത്. സുഖമില്ലാത്തതുകാരണം കാണാൻ വന്നതാണ് തങ്ങൾക്ക് പറയാനുള്ളത് പറഞ്ഞു എന്നുമായിരുന്നു എച്ച് ബാബുജാന്റെ പ്രതികരണം. സൗഹൃദ സംഭാഷണമെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു.

അങ്ങനെ മത്സരിക്കുന്നുണ്ടെങ്കിൽ സുധാകരനോടൊപ്പം പ്രവർത്തകരും കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. മാധ്യമപ്രവർത്തകരെ ചേർത്ത് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും ജി സുധാകരൻ ആരംഭിച്ചിട്ടുണ്ട്. സുധാകരൻ പല നേതാക്കളെയും ബന്ധപ്പെട്ടത് പാർട്ടി കമ്മിറ്റികളിൽ ചർച്ചയായിരുന്നു. അദ്ദേഹം പാർട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാർട്ടി വിട്ട് പോകില്ലെന്നും ധാർമിക ആശയപരമായ മൂല്യങ്ങൾ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്.
ADVERTISEMENT