മ്യാൻമർ ഭൂചലനം: മരണം 1644 ആയി; സഹായത്തിന് ഇന്ത്യൻ വ്യോമസേന വിമാനങ്ങളെത്തി

മ്യാൻമറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 1,644 ആയി. 3,408 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. 139 പേരെ കാണാതായി. അതേസമയം, ഇന്ത്യയിൽ നിന്ന് സഹായവുമായി പുറപ്പെട്ട വ്യോമസേന വിമാനങ്ങൾ മ്യാൻമറിൽ എത്തി. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി 118 അംഗ ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും 60 ടൺ ദുരിതാശ്വാസ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള രണ്ട് സി-17 വിമാനങ്ങളാണ് മ്യാൻമറിൽ എത്തിയത്. വനിതകൾക്കും ശിശുക്കൾക്കുമായുള്ള സംരക്ഷണ സേവനങ്ങളും യൂണിറ്റിൽ ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻ‌ഡി‌ആർ‌എഫ്) 38 ഉദ്യോഗസ്ഥരും 10 ടൺ ദുരിതാശ്വാസ സാമഗ്രികളും ഉൾക്കൊള്ളുന്ന രണ്ടാമത്തെ സി-130 വിമാനം നയ്പിറ്റോയിലും എത്തി. 60 പാരാ ഫീൽഡ് ആംബുലൻസുകൾ വഹിക്കുന്ന രണ്ട് സി-17 വിമാനങ്ങൾ ഉടൻ ഇറങ്ങും. മധ്യ ബാങ്കോക്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് തായ്‌ലൻഡിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു.

മ്യാൻമറിലും അയൽരാജ്യമായ തായ്‌ലൻഡിലും ഉണ്ടായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഇരുരാജ്യങ്ങൾക്കും സഹായം എത്തിക്കുന്നുണ്ട്. യുകെ ശനിയാഴ്ച മ്യാൻമറിന് 10 മില്യൺ പൗണ്ട് (12.9 മില്യൺ ഡോളർ) മാനുഷിക സഹായം വാഗ്ദാനം ചെയ്തു. ചൈന മ്യാൻമറിലേക്ക് 82 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ അയച്ചു. ഇവ കൂടാതെ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ എന്നിവയും മ്യാൻമറിനായി സഹായം അയച്ചു.

അതേസമയം, ഭൂകമ്പത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരിതബാധിതരുടെ എണ്ണം, മരണസംഖ്യ എന്നിവ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രാദേശിക സമയം വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാൻമറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു. ഇതിനിടെ തന്നെയാണ് തായ്‌ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പമുണ്ടാകുന്നത്. തലസ്ഥാനമായ ബാങ്കോക്കിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. ഇതിന്റെ ഭീതിതമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ADVERTISEMENT