ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി അധികാരത്തിലേക്കെന്നാണ് ചിത്രം വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളില്‍ കാലിടറിയപ്പോള്‍ ബിജെപി നിലവില്‍ ബഹുദൂരം മുന്നിലാണ്. നിലവില്‍ കേവല ഭൂരിപക്ഷം കടന്നുള്ള ബിജെപിയുടെ ലീഡ് നില 47 സീറ്റിലെത്തിയിട്ടുണ്ട്. ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. കോണ്‍ഗ്രസിന് ഒരിടത്തു പോലും ലീഡ് ഉയര്‍ത്താനായില്ല.
വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവര്‍ത്തകരും നേതാക്കളും ആഘോഷവും തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. അതിനിടെ മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് വ്യക്തമാക്കി ദില്ലി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച് ദേവയും രംഗത്തെത്തി. ദില്ലി പിടിക്കുമെന്നും മുഖ്യമന്ത്രിയാര് എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ടാകില്ലെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് വീരേന്ദ്ര സച് ദേവ പറഞ്ഞത്.