ഗുരുവായൂര്‍ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ പ്രദേശവാസികളുടെ ദര്‍ശനത്തിനുള്ള വരി വീണ്ടും അകത്തേക്ക് മാറ്റാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ സ്ഥിരതാമസക്കാരായ ഭക്തര്‍ക്ക് ദര്‍ശനത്തിന് രാവിലെയും വൈകീട്ടും രണ്ട് മണിക്കൂര്‍ വീതം ക്ഷേത്രത്തിനുള്ളില്‍ പ്രത്യേക വരിയുണ്ട്. ഇത് ഏകാദശി മുതലാണ് പുറത്തേക്ക് മാറ്റിയത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്‍.കെ. അക്ബര്‍ എം.എല്‍.എയും നഗരസഭ ചെയര്മാന് എം. കൃഷ്ണദാസും ദേവസ്വവുമായി ബന്ധപ്പെട്ട് വരി ക്ഷേത്രത്തിനകത്ത് തുടരണമെന്ന് ദേവസ്വത്തോട് ആവശ്യപ്പെട്ടിരുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റിയും ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് ദേവസ്വം തീരുമാനം മാറ്റിയത്.