പത്ത് ദിവസത്തേക്ക് കൂടി ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ല; താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിതെന്നാണ് ട്രംപ് അവകാശവാദം. ടെഹ്‌റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

 

‘ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റിന് നേരെയുള്ള ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടക്കുന്നു…വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു’, ട്രംപ് കുറിച്ചു.

ഏഴ് ദിവസത്തേക്ക് ആക്രമണം നിര്‍ത്താനാണ് ഇറാന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ അത് പത്ത് ദിവസമായി നീട്ടുകയായിരുന്നുവെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.

അതിനിടെ ഇറാന്‍ ഒരു കരാറിനായി തങ്ങളോട് യാചിക്കുകയാണെന്നും എന്നാല്‍ പുറംലോകത്തോട് തങ്ങള്‍ അമേരിക്കയുടെ നിര്‍ദേശം പരിശോധിച്ചുവരികയാണെന്ന് മാത്രമാണ് അവര്‍ പറയുന്നതെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ സൈനികമായി തകര്‍ക്കപ്പെട്ടുവെന്നും അവര്‍ക്ക് തിരിച്ചുവരവിന് സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു.

ADVERTISEMENT