ഇന്ത്യക്ക് പകരംതീരുവ 50 ശതമാനമാക്കി ട്രംപ്,റഷ്യയുമായുള്ള എണ്ണ ഇടപാടുള്ളതിനാല്‍ 25% അധികംകൂട്ടുന്നുവെന്ന് യുഎസ്

റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയുമായി ഇന്ത്യയ്ക്ക് പകരം തീരുവ കുത്തനെ ഉയര്‍ത്തി അമേരിക്ക. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു. ഏഷ്യയിലെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തീരുവ ഇന്ത്യയ്ക്കാണ് ചുമത്തിയത്. പാകിസ്താന് 19 ശതമാനം തീരുവയാണ് ചുമത്തിയത്. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യ താല്‍പര്യമാണ് ഒന്നാമതെന്നും കേന്ദ്രം അറിയിച്ചു. ഈ മാസം 25ന് അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയില്‍ എത്തുമെന്നും ചര്‍ച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ 24 മണിക്കൂറിനുളളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇറക്കുമതി തീരുവ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യ ഒരിക്കലും ഒരു നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. പക്ഷെ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാല്‍ 25 ശതമാനം തീരുവ എന്നതില്‍ നിര്‍ത്തിയതാണ്. പക്ഷെ അടുത്ത 24 മണിക്കൂറില്‍ അത് ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. കാരണം അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുകയാണ്’, എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ADVERTISEMENT