മസാലബോണ്ടിൽ നിന്ന് ഭൂമി വാങ്ങാൻ വിനിയോ​ഗിച്ചത് 466.19 കോടി; നോട്ടീസിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ വർഷം ജൂൺ 27നാണ് പരാതി ഫയൽ ചെയ്തതെന്നും ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോ​ഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.

കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർ​ഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തൽ എന്നതാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു. ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തത്. ഇതിന്റെ തുടർനടപടികളുടെ ഭാ​ഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെഎം എബ്രഹാമിന് കിഫ്ബി സിഇഓ എന്ന നിലയിലും ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലും നോട്ടീസ് നൽകിയത്. ഒരു തരത്തിലും ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഇഡി വിശദീകരണത്തിൽ പറയുന്നത് ഫെമ ലംഘനം കണ്ടെത്തിയിട്ടുണ്ടെന്നാണ്. 2600 കോടിയിലധികം രൂപയുടെ മസാല ബോണ്ട് ഇറക്കിയെന്നാണ് ഇഡി പറയുന്നത്. ഇതിൽ 466.19 കോടി രൂപ ഭൂമി വാങ്ങാൻ ഉപയോ​ഗിച്ചു. ഈ നടപടിയാണ് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ഇഡി വിശദീകരണം.

ADVERTISEMENT