ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌
ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.

ചലച്ചിത്ര രചനാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്‌നം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. നടന്‍ ജഗദീഷിനാണ് റൂബി ജൂബിലി അവാര്‍ഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരങ്ങള്‍.

ADVERTISEMENT