ആളൂര്‍ – എടക്കളത്തൂര്‍ റോഡിലെ പാടശേഖരത്തില്‍ സലൂണ്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കി കണ്ടാണശേരി പഞ്ചായത്ത് അധികൃതര്‍. കേച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐവറി മേക്കപ്പ് സ്റ്റുഡിയോ സലൂണിലെ മാലിന്യമാണ് പാടശേഖരത്തില്‍ നിക്ഷേപിച്ചത്. സ്ഥാപനം നേരിട്ട് സന്ദര്‍ശനം നടത്തിയും ഫോണിലൂടെയും വിവരം നല്‍കി അടുത്ത ദിവസം പഞ്ചായത്ത് ഓഫീസില്‍ എത്തി പിഴ അടക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു. മാലിന്യം വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഏകദേശം 2 മണിക്കൂര്‍ മാലിന്യം പരിശോധിച്ചാണ് തെളിവ് ശേഖരിച്ചത്. ഓണ്‍ലൈന്‍ വ്യാപാര ആപ്പിന്റെ കവര്‍, സ്റ്റേഷനറി സ്ഥാപനത്തിന്റെ ബില്‍ എന്നിവയില്‍ നിന്നുമാണ് മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ വിവരം ലഭിച്ചത്.