സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കൻ ജില്ലകളിലുമാണ് പ്രളയ മുന്നറിയിപ്പുകൾ ഉള്ളത്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലേർട്ട് നിലനിൽക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനാണ് നിർദേശം.
പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല എന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് മഴ തുടരുമെന്നും മുന്നറിയിപ്പണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. 29, 30 തീയതികളിൽ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റർ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തിൽ 586 വീടുകൾ ഭാഗീകമായും, 21 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്നും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി കെ രാജൻ അറിയിച്ചു