വാഹനത്തിന്റെ ആര്‍.സി.കാര്‍ഡിലെ പേര് മാറ്റുവാന്‍ വേണ്ടി ആര്‍.ടി.ഒ.ഓഫീസില്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ ഫോണിലേക്ക് വന്ന വ്യാജ ആര്‍.ടി.ഒ.സന്ദേശത്തില്‍ ക്ലിക്ക് ചെയ്ത പുന്നയൂര്‍ക്കുളം സ്വദേശിക്ക് നഷ്ടമായത് 85,000 രൂപ. ഈ മാസം നാലിനാണ് ആല്‍ത്തറ സ്വദേശി സൈബര്‍ തട്ടിപ്പിന് ഇരയായത്. ആര്‍.ടി.ഒ ഓഫീസില്‍ അപേക്ഷ നല്‍കിയ ശേഷം ബാക്കി വിവരങ്ങള്‍ ഫോണിലേക്ക് വരുമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. അതിന് ശേഷമാണ് ആര്‍.ടി.ഒ എന്നപേരുള്ള വ്യാജ വാട്ട്‌സാപ്പ് നമ്പറില്‍ നിന്നും സന്ദേശം വരുന്നത്. ഈ സന്ദേശത്തിലെ ഫയല്‍ തുറന്ന് നോക്കിയതോടെ ഫോണില്‍ അദൃശ്യമായ ആപ്പ് ഇന്‍സ്റ്റാല്‍ ആവുകയും അകൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയുമായിരുന്നു.
അതോടോപ്പം ഇതേ ആപ്പിന്റെ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഫയല്‍ ഫോണിലെ വാട്ട് സാപ്പ് ഗ്രൂപ്പുകളിലേക്കും അകൗണ്ടുകളിലേക്കും സന്ദേശമായി പോവുകയും ചെയ്തു. സംഭവത്തില്‍ സൈബര്‍ പോലീസിലും, മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.



