രൂപയുടെ തളര്‍ച്ചയും എണ്ണവില വര്‍ധനയും വെല്ലുവിളിയാകുന്നു; ജിഡിപി വളര്‍ച്ചനിരക്ക് കുറയുമെന്ന് പ്രവചനം

2026 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചനിരക്ക് 5.9 ശതമാനമായി കുറയുമെന്ന് അന്താരാഷ്ട്ര ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം. നേരത്തെ ഇത് 7 ശതമാനമായിരിക്കും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ആഗോളതലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്.

യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ക്രൂഡ് ഓയില്‍ വിതരണത്തെ ബാധിക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയെപ്പോലുള്ള ഊര്‍ജ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഈ മാസമൊടുവിൽ ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 105 ഡോളറാകുമെന്നും ഏപ്രിലില്‍ ഇത് 115 ഡോളര്‍ വരെ ഉയരുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാക്‌സ് കരുതുന്നത്. ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇത് കാരണമാകും.

രൂപയുടെ മൂല്യത്തകര്‍ച്ച

 

ഇക്കൊല്ലം മാത്രം ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 4 ശതമാനത്തോളം ഇടിഞ്ഞു. നിലവില്‍ ഡോളറൊന്നിന് 94 രൂപ എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലാണ് രൂപയുടെ മൂല്യം. ഇത് വിദേശ നാണയ ശേഖരത്തെയും രാജ്യത്തിന്റെ ധനസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച തടയുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമായി റിസര്‍വ് ബാങ്ക് റിപോറേറ്റ് 50 ബേസിസ് പോയിന്റ് വര്‍ധന വരുത്താന്‍ സാധ്യതയുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്നറിയിപ്പ് നല്‍കുന്നു. പലിശ നിരക്ക് വര്‍ധിക്കുന്നത് ഭവന വായ്പകള്‍ ഉള്‍പ്പെടെ എല്ലാത്തരം വായ്പകളുടെയും ഇഎംഐ വര്‍ധനയ്ക്ക് ഇടയാക്കും.

 

2026ല്‍ ഇന്ത്യയിലെ പണപ്പെരുപ്പം 4.6 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് മുമ്പത്തെ പ്രവചനമായ 3.9 ശതമാനത്തേക്കാള്‍ കൂടുതലാണ്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2 ശതമാനമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. 2025 അവസാന പാദത്തില്‍ ഇത് 1.3 ശതമാനമായിരുന്നു. എണ്ണവില ഉയരുന്നത് തന്നെയാണ് ഇതിനും പ്രധാന കാരണം. ആഗോള അസ്ഥിരതയും വര്‍ധിച്ചുവരുന്ന എണ്ണവിലയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വേഗത കുറയ്ക്കാനും കാരണമായേക്കാം.

ADVERTISEMENT