ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളെത്തി

ഏകാദശി വ്രതശുദ്ധിയുടെ ദര്‍ശന പുണ്യം തേടി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളെത്തി. ദശമി ദിവസമായ ഞായറാഴ്ച തുടങ്ങിയ ഭക്തജന പ്രവാഹം ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ വരെ തുടരും. ക്ഷേത്രത്തില്‍ കഴിഞ്ഞ 30 ദിവസമായി നടന്ന് വരുന്ന വിളക്കാഘോഷങ്ങള്‍ക്ക് ഏകാദശിയോടെ പരിസമാപ്തിയാകും. ദേവസ്വം വക ഉദയാസ്തമന പൂജയോടെയാണ് ഏകാദശി ദിവസത്തെ വിളക്കാഘോഷം. രാവിലെ നടന്ന കാഴ്ചശീവേലിയില്‍ കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലമേറ്റി. വിഷ്ണുവും ചെന്താമരാക്ഷനും പറ്റാനകളായി. തുടര്‍ന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് മൂന്നാനകളോടെ എഴുന്നള്ളിപ്പായിരുന്നു. പല്ലശ്ശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരവും ഉണ്ടായിരുന്നു. ദശമി ദിവസം പുലര്‍ച്ചെ തുറന്ന ക്ഷേത്രനട ഇനി പൂജകള്‍ക്കല്ലാതെ നാളെ രാവിലെ എട്ട് വരെ അടയ്ക്കില്ല. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT