വയനാട് ദുരന്തത്തിന് പിന്നാലെ മുന്‍കാല രക്ഷാപ്രവര്‍ത്തനത്തിന് കേരളം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി. 2006, 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നു. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. ഒരു ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.