ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാര്‍ക്‌സിയന്‍ സ്വരമാണ് വിടപറഞ്ഞത്. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സമുചിതമായി ആഘോഷിക്കാനായിരുന്നു തീരുമാനം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

 

2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വകുപ്പുമേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പലവിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ തൈക്കാട്ട് കണ്ടിയൂര്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും പത്താമത്തെ മകനായി 1936ലാണ് ജനനം. ചാവക്കാട് ബോഡ് ഹൈസ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയശേഷം രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി.

സഹപാഠിയായിരുന്ന രാജസ്ഥാന്‍ സ്വദേശിനി അന്തരിച്ച ഉഷാ ഭാര്‍ഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കള്‍.

ADVERTISEMENT