ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി വെള്ളിയാഴ്ച നടക്കും. പുലര്‍ച്ചെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം, കേളി എന്നിവ നടക്കും. ഉച്ചപൂജ നേരത്തെ പൂര്‍ത്തിയാക്കി രാവിലെ 11.30 ന് നടയടച്ചാല്‍ വൈകീട്ട് 4.30 നാണ് തുറക്കുക. ഈ സമയത്ത് ദര്‍ശനം, വിവാഹം, ചോറൂണ്‍ എന്നിവ നടത്താനാകില്ല. വിവാഹം ശീട്ടാക്കിയവര്‍ രാവിലെ 10ന് മുമ്പ് താലികെട്ട് നടത്തണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്ര നടയടച്ച ശേഷം 12 മണിയോടെ മൂന്ന് ആനകളുടെ അകമ്പടിയില്‍ ഭഗവതി പുറത്തേക്ക് എഴുന്നള്ളും. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാകും. എഴുന്നള്ളിപ്പ് സത്രം ഗേറ്റ് വരെയെത്തിയാല്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. വൈകുന്നേരം നാല് മുതല്‍ കിഴക്കേ നടപ്പുരയില്‍ പറസമര്‍പ്പണം നടക്കും. തുടര്‍ന്ന് നാഗസ്വരത്തോടെ കുളപ്രദക്ഷിണം, ദീപാരാധന, ദീപാലങ്കാരം കേളി, തായമ്പക എന്നിവ നടക്കും. രാത്രി എഴുന്നള്ളിപ്പ്, കളംപാട്ട്, കളംപൂജ എന്നിവയും മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികളും ഉണ്ടാകും. താലപ്പൊലിയോടെ ക്ഷേത്രത്തില്‍ 52 ദിവസങ്ങളിലായി നടന്ന് വരുന്ന കളംപാട്ടിന് സമാപനമാകും.