കുവൈത്തില്‍ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍, വന്‍ തീപിടിത്തം

കുവൈത്തിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മാർച്ച് 19നും മിന അൽ അഹമ്മദിഎണ്ണ ശുദ്ധീകരണശാല ഇറാൻ ആക്രമിച്ചിരുന്നു. കുവൈത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നാണ് മിന അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്.

സൗദിക്ക് നേരെയും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഏഴ് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങളെല്ലാം പ്രതിരോധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. രണ്ട് ദിവസം മുമ്പ് ഇസ്രയേലിലെ എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. വടക്കൻ മേഖലയിലെ ന​ഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈഫയിൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആക്രമണം നടന്നതായി ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 19നും ഇവിടെ ആക്രമണമുണ്ടായിരുന്നു.

ADVERTISEMENT