ഗുരുവായൂരില്‍ നിന്നുള്ള റീല്‍സ് നീക്കം ചെയ്തു; ക്ഷമ ചോദിച്ച് ജാസ്മിന്‍ ജാഫര്‍

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സറും റിയാലിറ്റി ഷോ മത്സരാര്‍ഥിയുമായിരുന്ന ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മാപ്പ് ചോദിച്ചത്. ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം, ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരം പരസ്യമായി മാപ്പ് പറഞ്ഞത്. വിവാദമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.. ‘എന്നെ സ്നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.

ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’ -എന്ന കുറിപ്പാണ് ജാസ്മിന്‍ ഇന്‍സ്റ്റഗ്രം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും സമീപത്തുമായി ചിത്രീകരിച്ച റീലാണ് പരാതിക്ക് കാരണമായത്. ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ചാണ് റീല്‍സ് ചിത്രീകരിച്ചതെന്ന് ഗുരുവായൂര്‍ ദേവസ്വം പരാതിയില്‍ പറയുന്നു. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്.

ADVERTISEMENT