താരദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകനും നടനുമായ കാളിദാസ് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതനായി. മോഡലായ തരിണി കലിംഗരായര്‍ ആണ് വധു. രാവിലെ 7.30 നുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തിനു മുന്നിലെ ഒന്നാം നമ്പര്‍ മണ്ഡപത്തിലാണ് താലികെട്ട് നടന്നത്. നടന്‍ ജയറാം വധൂവരന്മാരുടെ കൈപ്പിടിച്ച് നല്‍കി. താലികെട്ടിന് ശേഷം റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള സ്വകാര്യ ഹോട്ടലില്‍ വിവാഹ സദ്യയും ഉണ്ടായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, നടനും എംപിയും ആയ സുരേഷ് ഗോപി, നടന്‍ സിദ്ദിഖ്, സംവിധായകരായ സത്യന്‍ അന്തിക്കാട്, മേജര്‍ രവി തുടങ്ങിയവരും അടുത്ത ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഇഷ്ട താരങ്ങളെ കാണാനും വിവാഹ ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്താനുമായി ആരാധകര്‍ തിക്കി തിരക്കി. ഗുരുവായൂര്‍ എസിപി കെ എം ബിജുവിനെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.