സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ മാവിന്റെ കൊമ്പ് പൊട്ടിവീണ് വ്യാപക നാശം

ചൊവ്വല്ലൂര്‍പടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൂറ്റന്‍ മാവിന്റെ വലിയ കൊമ്പ് പൊട്ടിവീണ് വ്യാപക നാശം. നിരവധി ഇലക്ട്രിക് പോസ്റ്റുകളും, വീടുകളുടെ മതിലുകളും മറ്റും തകര്‍ന്നു. സിസിടിവി ഉള്‍പ്പെടെയുള്ളവയുടെ ഫൈബര്‍ കേബിളുകളും നശിച്ചു. ഒരു ഓട്ടോയ്ക്കും നാശനഷ്ടമുണ്ടായി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ചൊവ്വല്ലൂര്‍പടി കെ.ബി.എം. ഹോസ്പിറ്റല്‍ റോഡിലെ സെന്റ് ജോണ്‍സ് സ്‌കൂളിന് മുന്നിലെ വീട്ടുവളപ്പിലെ മാവിന്റെ കൊമ്പാണ് നിലംപതിച്ചത്. ഈസമയം റോഡില്‍ തിരക്കില്ലാത്തത് വലിയ അപകടം ഒഴിവാക്കി. സമീപത്ത് തന്നെയുള്ള സ്‌കൂളിന്റെ വാര്‍ഷികാഘോഷം മൂന്ന് മണിക്കാണ് നിശ്ചയിച്ചിരുന്നത്. മരം വീണത് ഇതിന് ഏറെ നേരം മുമ്പായതിനാലും, വൈദ്യുതി വിതരണം തടസ്സപ്പെട്ട സമയമായതിനാലും ദുരന്തം ഒഴിവായി. ഇരുപതോളം ഇലക്ട്രിക് പോസ്റ്റുകളും, 12 വീടുകളുടെ മതിലുകളും തകര്‍ന്നു.
ഈ സമയം ഈ വഴി സഞ്ചരിച്ചിരുന്ന ഓട്ടോയാണ് മരം വീണ് തകര്‍ന്നത്.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് മാറ്റുന്ന പ്രവര്‍ത്തി ആരംഭിച്ചു. കെഎസ്ഇബി ജീവക്കാരും, കേരളവിഷന്‍ കേബിള്‍ടിവി ടെക്‌നീഷ്യന്‍മാരും സിഗ്നല്‍ വിതരണം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചി്ട്ടുണ്ട്. വലിയയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.

ADVERTISEMENT