മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 63 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്കയിടത്തും ഇത്തവണ യുഡിഎഫ് തിരിച്ചുവന്നു. ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുര കോർപ്പറേഷൻ വിജയത്തിനരികെയെത്തി. പാലക്കാട് നഗരസഭ നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്തു. 27 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു.
അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. ഭരണനേട്ടങ്ങളിൽ ഊന്നിയായിരുന്നു പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കേന്ദ്രബിന്ദു. പെൻഷൻ വർധിപ്പിച്ചതും സ്ത്രീ സുരക്ഷ പെൻഷൻ പ്രഖ്യാപിച്ചതും പ്രചാരണായുധമായി ഉപയോഗിച്ചു. പുറമെ, യുഡിഎഫിലെ രാഹുൽ മാങ്കൂട്ടം വിവാദം തുടങ്ങിയവയും നേട്ടമാകുമെന്ന് കരുതി. എന്നാൽ, ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലിൽ നിന്നാണ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടതെന്നതും ശ്രദ്ധേയം. അതേസമയം, ശബരിമല, ഭരണപരാജയം എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി. രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല സ്വർണപ്പാളി വിവാദമുപയോഗിച്ച് പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.
അപ്രതീക്ഷിതമായിരുന്നു ബിജെപി മുന്നേറ്റം. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിലും വലിയ നേട്ടമാണ് കൊയ്തത്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും നിരവധി പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകളിൽ സാന്നിധ്യമുറപ്പിക്കാനും വോട്ട് വർധിപ്പിക്കാനും സാധിച്ചു. കൊല്ലം കോർപ്പറേഷൻ, ആലപ്പുഴ ജില്ല എന്നിവിടങ്ങളിലെ ബിജെപിയുടെ മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപീകരിക്കാൻ സാധിക്കുന്നവയാണെന്ന് ഫലം തെളിയിക്കുന്നു.



