മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്രയജ്ഞത്തിന് തുടക്കമായി

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന മഹാരുദ്രയജ്ഞത്തിന് തുടക്കമായി. മന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ യജ്ഞശാലയില്‍ അഗ്‌നി പകര്‍ന്നതോടെയാണ് യജ്ഞം ആരംഭിച്ചത്. പതിനൊന്ന് വെള്ളിക്കലശങ്ങളില്‍ നിറച്ച ശ്രേഷ്ഠ ദ്രവ്യങ്ങള്‍ ശ്രീരുദ്ര മന്ത്രം ജപിച്ച് ചൈതന്യമാക്കിയ ശേഷം തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് മഹാദേവന് അഭിഷേകം ചെയ്തു. 11 ദിവസവും ഇത് ആവര്‍ത്തിക്കും. ശ്രീരുദ്രമന്ത്രജപത്തിന് കേരളത്തിലെ പ്രമുഖ വേദ പണ്ഡിതന്‍മാര്‍ പങ്കെടുത്തു.

നടരാജ മണ്ഡപത്തിലെ സാംസ്‌കാരിക പരിപടികള്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ഷാജി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗുരുവായൂര്‍ ശരി മാരാരുടെ കേളി, അതിരുദ്രം എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് രവിന്ദ്രന്‍ മാസ്റ്റരുടെ ഭക്തി പ്രഭാഷണം വാര്യര്‍ സമാജം ആതിര വനിതാ വിംഗ് ഗുരുവായൂരിന്റെ ഭജഗോവിന്ദം ഭജന്‍സ് , ഇരട്ട കേളി, ചെറുതാഴം ചന്ദ്രന്‍, ചിറയ്ക്കല്‍ നീതിഷ് എന്നിവരുടെ ഇരട്ട തായമ്പക എന്നിവയും ഉണ്ടായിരുന്നു. നാഗക്കാവില്‍ നാഗപ്പാട്ട്, പാതിരിക്കുന്നത്ത് കുളപുറത്ത് മനയ്ക്കല്‍ സദാനന്ദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ സര്‍പ്പബലിയും നടന്നു.

 

ADVERTISEMENT