വ്യോമസേനാ താവളത്തില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു (47) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 6 മണിക്കായിരുന്നു സംഭവം. വ്യാമസേനാ ക്യാംപസിലെ 13 നമ്പര്‍ പോസ്റ്റില്‍ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എകെ 103 റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ജോലി സമ്മര്‍ദ്ദമാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നെന്നും, ഡോക്ടര്‍ മരുന്നും വിശ്രമവും നിര്‍ദേശിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മരുന്നു കൃത്യമായി സാനു കഴിച്ചില്ലെന്നും മാനസിക സമ്മര്‍ദം അധികമായതായി രണ്ടു ദിവസം മുന്‍പ് വീഡിയോ കോളില്‍ ഭാര്യയോട് പറഞ്ഞതായി സുലൂര്‍ പൊലീസ് പറഞ്ഞു.

വെടിശബ്ദത്തിനു പിന്നാലെ സാനു മുകളില്‍ നിന്നും താഴേക്ക് തെറിച്ച് വീഴുന്നത് കണ്ട് താഴെയുണ്ടായിരുന്ന ജവാന്‍ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിതീകരിച്ചതോടെ ഇഎസ്‌ഐ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മാേര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌ക്കാരം ഇന്നു രാവിലെ 9 മണിക്ക് പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍.അച്ഛന്‍: ശിവരാമന്‍. അമ്മ: കലാവതി. ഭാര്യ: ഇന്ദുലേഖ. മക്കള്‍: ഹര്‍ശിവ്, ഹാര്‍ദ.

ADVERTISEMENT