ഇരിങ്ങാലക്കുടയിൽ 2 യുവാക്കളെ മർദ്ദിച്ച് കൊല്ലാൻ ശ്രമം, 5 പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട കാട്ടൂരില്‍ രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 5 പേര്‍ അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശികളായ എടക്കാട്ടുപറമ്പില്‍ ടിന്റു എന്ന പ്രജില്‍ (38), പാച്ചാംപ്പിള്ളി വീട്ടില്‍ സികേഷ് (27), എടക്കാട്ടുപറമ്പില്‍ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടില്‍ അരുണ്‍കുമാര്‍ (30 ) എടക്കാട്ടുപറമ്പില്‍ ദിനക്ക് (22) എന്നിവരെയാണ് ശിവപുരയിലെ ഫാമിനുള്ളില്‍ നിന്ന് പിടികൂടിയത്. 5 ദിവസമായി ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി ഇവിടെ എത്തി പിടികൂടുകയായിരുന്നു.
ഇക്കഴിഞ്ഞ 13 ന് കാട്ടൂര്‍ പെഞ്ഞനം എസ്.എന്‍.ഡി.പി പള്ളിവേട്ട നഗറില്‍ രാത്രി 11 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കല്‍ സനൂപ്( 26), കാട്ടൂര്‍ വലക്കഴ സ്വദേശി പറയം വളപ്പില്‍ യാസിന്‍ (25) എന്നിവരെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സനൂപിനും , യാസിനും സാരമായി പരുക്കേറ്റിരുന്നു.
വന്യമൃഗങ്ങളുള്ള സ്ഥലത്താണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. കനത്ത മഴയെ അവഗണിച്ച് ഏറെ സാഹസപ്പെട്ടാണ് പോലീസ് സംഘം പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിനുള്ളിലെത്തിയത്.
സിഖേഷ് കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസിലെ പ്രതിയാണ്. പ്രജിലും അരുണ്‍കുമാറും, അശ്വന്തും മറ്റ് കേസുകളിലും പ്രതികളാണ്. വെള്ളിയാഴ്ച സന്ധ്യയോയോടെ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടിനടുത്ത് ശിവപുരയിലെ ഒരു ഫാമില്‍ ഒളിച്ചു കഴിയുന്നിടത്തു നിന്നാണ് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ റൂറല്‍ എസ്.പി. ബി. കൃഷ്ണകുമാര്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്,കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജു, സീനിയര്‍ സി.പി.ഒ മാരായ സി.ജി ധനേഷ്, ഇ.എസ്.ജീവന്‍, സിപിഒ കെ.എസ്.ഉമേഷ്, മുസ്തഫ ഷൗക്കര്‍, അജീഷ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

ADVERTISEMENT