വയനാട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എന്‍സിസി കേഡറ്റുകളുടെ ശ്രദ്ധാഞ്ജലി. തൃശൂര്‍ സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്റെ കീഴിലുള്ള ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ എന്‍സിസി കേഡറ്റുകളാണ് വേറിട്ട ശ്രദ്ധാഞ്ജലി നടത്തിയത്. വയനാട് ചൂരല്‍മല മുണ്ടക്കൈ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ ദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ മരണപ്പെട്ടവരുടെയും ഭൂമിനഷ്ടപ്പെട്ടവരുടെയും ഭീതിതമായ ഓര്‍മ്മകള്‍ നെഞ്ചേറ്റിക്കൊണ്ട് എന്‍സിസി കേഡറ്റുകള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. യുദ്ധത്തില്‍ ഉപയോഗിക്കുന്ന തോക്കുകള്‍ക്ക് മുകളില്‍ കുനിഞ്ഞ ശിരസുമായാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും ദുരന്തബാധിതരുമായ എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ജെ. ബിന്‍സി അധ്യക്ഷത വഹിച്ച യോഗത്തില്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റഡ് എന്‍സിസി ഓഫീസര്‍ മേജര്‍ പി.ജെ.സ്‌റ്റൈജു വയനാട് ദുരന്തത്തെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിച്ചു. സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസര്‍ ലെഫ്റ്റനന്റ് മിനി റ്റി.ജെ. വയനാട് ജനതക്കുള്ള ഐക്യദാര്‍ഡ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിനിയര്‍ അണ്ടര്‍ ഓഫീസര്‍ ലക്ഷ്മിപ്രിയ, ജൂനിയര്‍ ഓഫീസര്‍ നിരഞ്ജന, സീനിയര്‍ കേഡറ്റുകളായ സി. ശ്രീലക്ഷ്മി , പി.കെ. സുമന്യ എന്നിവര്‍ നേതൃത്വം നല്‍കി. കേഡറ്റുകളില്‍ കാരുണ്യത്തിന്റെ നല്ലപാഠം രചിക്കനാണ് ഇത്തരം ആദരവുകള്‍ സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്റ് മിനി.ടി ജെ പറഞ്ഞു.