ആദ്യം നിവിനെതിരെ, ഇപ്പോള്‍ നിര്‍മാതാവും കേസില്‍; പോലീസ് സ്റ്റേഷൻ കയറിയിറങ്ങി ‘ആക്ഷൻ ഹീറോ ബിജു- 2’

‘ആക്‌ഷൻ ഹീറോ ബിജു’ സിനിമയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം തുടങ്ങുംമുൻപേ വീണ്ടും കേസ്. നേരത്തേ വഞ്ചനക്കുറ്റം ആരോപിച്ച് നിർമാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിൽ നടൻ നിവിൻ പോളിയുടെപേരിൽ തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ആക്ഷൻ ഹീറോ ബിജു-2 സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് ഷംനാസിൻ്റെപേരിൽ പാലാരിവട്ടം പോലീസും കേസെടുത്തു.

ചിത്രവുമായി ബന്ധപ്പെട്ട് 2023-ൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവർ ഒപ്പിട്ട കരാറിൽ സിനിമയുടെ എല്ലാ അവകാശവും നിവിൻ പോളിയുടെ നിർമാണക്കമ്പനിയായ പോളി ജൂനിയറിനാണെന്ന് നടൻ്റെ പരാതിയിൽ പറയുന്നു. ഇക്കാര്യം മറച്ചുവെച്ച് ഫിലിം ചേംബറിൽനിന്ന് ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ചേർത്തു. കരാർ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ, നിവിൻ പോളിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ ഷംനാസ് ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.

 

ഫിലിം ചേംബറിൽ വ്യാജ കത്ത് നൽകിയെന്ന ആരോപണം തെറ്റാണെന്ന് ഷംനാസ് പറഞ്ഞു. ആക്‌ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൻ്റെ അവകാശം എബ്രിഡ് ഷൈൻ പ്രൊഡക്‌ഷൻസിനായിരുന്നു. അവരിൽനിന്നാണ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന തൻ്റെ കമ്പനിയുടെ പേരിലേക്കു മാറ്റിയത് -ഷംനാസ് പറഞ്ഞു. ഇതിന്റെ രേഖകളെല്ലാം കേരള ഫിലിം ചേംബറിൽ കൊടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേംബറിൽ സിനിമ തൻ്റെ പേരിൽ ടൈറ്റിൽ രജിസ്റ്റർചെയ്തത്. തൻ്റെ പക്കൽനിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷൻ ഹീറോ ബിജു-2’-വിൻ്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നായിരുന്നു ഷംനാസിന്റെ പരാതി.

ADVERTISEMENT