ബിസിസിഐക്ക് മുന്നിൽ വിപ്ലവകരമായ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുകയാണ് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടെന്നും അത് ഉപേക്ഷിക്കണമെന്നുമാണ് ലളിത് മോദിയുടെ നിർദ്ദേശത്തിലുള്ളത്. ‘ഏകദിന ക്രിക്കറ്റ് കാലഹരണപ്പെട്ടു, അവ പൂർണ്ണമായും ഇനി ഉപേക്ഷിക്കണം. പകരം ടി20 മത്സരങ്ങൾക്കും ടെസ്റ്റ് ക്രിക്കറ്റിനുമാണ് ഇനി പ്രാധാന്യം നൽകേണ്ടത്’, സ്പോർട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ ലളിത് മോദി വ്യക്തമാക്കി. ക്രിക്കറ്റിന്‍റെ ഭാവി ടി20 ലീഗുകളിലും ടെസ്റ്റ് മത്സരങ്ങളിലുമാണെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.
‘കെറി പാക്കർ ഏകദിനങ്ങളെ പുനരുജ്ജീവിപ്പിച്ചത് വലിയ കാര്യം തന്നെയാണ്, എന്നാൽ ഇപ്പോൾ ആ ഫോർമാറ്റിന് പ്രസക്തിയില്ല. അതിന്റെ കാലം കഴിഞ്ഞു. അതേസമയം ടെസ്റ്റ് ക്രിക്കറ്റ് എക്കാലത്തും നിലനിൽക്കേണ്ട ഒന്നാണ്. കൂടുതൽ കാണികളെ ആകർഷിക്കാൻ ടെസ്റ്റ് മത്സരങ്ങൾ ഡേ-നൈറ്റ് ഫോർമാറ്റിലേക്ക് മാറണം. ലോകത്തെ മറ്റൊരു ക്രിക്കറ്റ് ലീഗും ഐപിഎല്ലിന് ഭീഷണിയല്ല. ടി20 ക്രിക്കറ്റിന്‍റെ വളർച്ചയിലാണ് കളി മുന്നോട്ട് പോകേണ്ടത്. നമ്മൾ ഏകദിനങ്ങളെ ഒഴിവാക്കി ടി20കളെ മുറുകെ പിടിക്കണം’, ലളിത് മോദി വിശദമാക്കി.
2027-ലെ ഏകദിന ലോകകപ്പിനായി ടീമുകൾ തയ്യാറെടുക്കുമ്പോഴും ഈ ഫോർമാറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് മുൻപ് രവിചന്ദ്രൻ അശ്വിൻ അടക്കമുള്ള താരങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നതാണ്. ടി20 ലീഗുകൾ വർദ്ധിച്ചതോടെ അന്താരാഷ്ട്ര കലണ്ടറിൽ ഏകദിനങ്ങൾക്ക് ഇടമില്ലാതാവുന്ന അവസ്ഥയുമുണ്ട്. ഐപിഎൽ പോലുള്ള ലീഗുകൾ ലോക ക്രിക്കറ്റിനെ ഭരിക്കാൻ തുടങ്ങിയതോടെ ദ്വിരാഷ്ട്ര ഏകദിന പരമ്പരകൾക്ക് കാണികൾ കുറഞ്ഞു. ലോകകപ്പ് വരുമ്പോൾ മാത്രമാണ് ഇന്ന് ഏകദിനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുനുള്ളു. ലളിത് മോദിയുടെ ഈ പ്രസ്താവനയെ ബിസിസിഐയും ഐസിസിയും എങ്ങനെ സ്വീകരിക്കും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



