ആള്‍ക്കൂട്ടത്തെ തനിച്ചാക്കി ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല. വേര്‍പാടിന്‍റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്‍റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര്‍ വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്‍കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്‍റെ എല്ലാകാലത്തും ആത്മബന്ധത്തിന്‍റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് മനസാക്ഷിയായിരുന്നു എന്തിനും മാനദണ്ഡം.
രാവിലെ 10 മണി മുതൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.