ഒരു ദ്വീപിന്റെ കാത്തിരിപ്പ്; മഴവില്ലഴകില്‍ പെരുമ്പളം പാലം, മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമം. പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം.

 

നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകള്‍ ഒഴിവാക്കാന്‍ ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിലാണ് നിര്‍മാണം. ഇവിടെ മഴവില്‍ വര്‍ണത്തിൽ പെയിന്റ് ചെയ്തതോടെ അഴകേറി.

 

പാലം തുറക്കുന്നതോടെ കെഎസ്ആർടിസി ബസുകൾ ദ്വീപിലേക്ക് എത്തും. ആദ്യഘട്ടത്തിൽ പെരുമ്പളം പാലം മൈതാനം താത്കാലിക ബസ് സ്റ്റാൻഡായി ഉപയോഗിക്കാനും പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം ബസ് സ്റ്റാൻഡ് നിർമ്മിക്കാനുമാണ് തീരുമാനം.

752 കോടി ചെലവില്‍ നിര്‍മിച്ച എസി റോഡ്, 65.5 കോടി രൂപയില്‍ നിര്‍മിച്ച പടഹാരം പാലം, കാവാലം തട്ടാശേരി പാലത്തിന്റെ നിര്‍മാണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പിന്റെ സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ചടങ്ങുകളില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി പ്രസാദ്, ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

ADVERTISEMENT