കപ്പിയൂര്‍ ചിറയ്ക്കല്‍ പൂരം ഞായറാഴ്ച; കൂട്ടിയെഴുന്നള്ളിപ്പില്‍ 17 ഗജവീരന്മാര്‍ അണിനിരക്കും

ഗുരുവായൂര്‍ കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തോടെ ആഘോഷ പരിപാടികള്‍ തുടങ്ങും. തുടര്‍ന്ന് വാക ചാര്‍ത്ത്, വിശേഷാല്‍ പൂജകള്‍, നടക്കല്‍ പറ, പൂത്താലം വരവ് എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 3. 30ന് ദേവസ്വം പൂരം എഴുന്നള്ളിക്കും. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തി ഏഴ് മണിയോടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ 17 ഗജവീരന്മാര്‍ അണിനിരക്കും. കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രാമാണികത്വത്തില്‍ മേളം അകമ്പടിയാകും.

താഴത്തെക്കാവില്‍ വേല, കരിങ്കാളി, പൂതന്‍ തിറ എന്നീ വേഷങ്ങളുടെ വരവ് ഉണ്ടാകും. രാത്രി ഒമ്പതിന് വെടിക്കെട്ടും വടക്കേ നടക്കല്‍ പതിനെട്ടാം കര്‍മ്മം എന്ന വിശേഷാല്‍ പൂജയും ഉണ്ടാകും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നും താലത്തോട് കൂടിയ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കൂട്ടി എഴുന്നള്ളിപ്പും വടക്കേ നടയ്ക്കലില്‍ പൊങ്ങലിടിയും നടക്കും. ഗുരുതി തര്‍പ്പണത്തോടും കൂടി ഉത്സവം സമാപിക്കും. ഭാരവാഹികളായ കെ.കെ. സുഗുണന്‍, ഇ. വേണുഗോപാല്‍, കെ. എസ്. ശ്രീകൃഷ്ണന്‍, എം.എസ്. വേണുഗോപാല്‍, കെ.സി വേണുഗോപാല്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT