മാർപാപ്പ ഇന്ന് ആശുപത്രി വിടും; വിശ്വാസികളെ അഭിവാദ്യം ചെയ്യും

ന്യുമോണിയ ബാധിച്ച് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രിവിടും. നീണ്ട 36 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പോപ്പ് ആശുപത്രി വിടുന്നത്. ഇന്ന് തന്നെ വത്തിക്കാനിലേക്ക് മടങ്ങുമെന്ന് ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

 

ആശുപത്രിയിൽ വെച്ച് മാർപാപ്പ വിശ്വാസികളെ അഭിവാദ്യം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. റോമിലെ ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികിൽ നിന്നാണ് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയെന്നാണ് വത്തിക്കാൻ മാധ്യമങ്ങളെ അറിയിച്ചത്. ഫെബ്രുവരി 14-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ആദ്യമായാണ് പോപ്പ് വിശ്വാസികളെ അഭിവാദ്യം ചെയ്യുന്നത്. 88 വയസ്സുള്ള പോപ്പ് ഡിസ്ചാർജ് ചെയ്തതിനു ശേഷവും തെറാപ്പിയും ഫിസിയോതെറാപ്പിയും തുടരും.

ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് നിലവിൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോട് നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആ​രോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കി. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT