പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

രാജ്യത്തെ എന്‍ജിനിയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ഉദ്ഘാടനംചെയ്യും. രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലമായ പാമ്പന്‍പാലത്തെ പ്രധാനമന്ത്രി റിമോട്ടുപയോഗിച്ച് ലംബമായി ഉയര്‍ത്തിയാണ് ഉദ്ഘാടനം ചെയ്യുക. ചടങ്ങില്‍ രാമേശ്വരത്തുനിന്ന് പാമ്പന്‍പാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ തീവണ്ടി സര്‍വീസും ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പുതിയ പാലം പണിതത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമുള്ള പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈര്‍ഘ്യം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്’ പാലമാണിത്. പുതിയ റെയില്‍പ്പാലത്തിന്റെ നിര്‍മാണം ഒക്ടോബറോടെ പൂര്‍ത്തിയായെങ്കിലും സുരക്ഷസംബന്ധിച്ച ആശങ്കകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസൗകര്യവും കാരണമാണ് ഉദ്ഘാടനം നീണ്ടുപോയത്.

ADVERTISEMENT