ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ റേഷന്‍ കട ഉടമയ്ക്ക് ദാരുണാന്ത്യം. വെങ്കിടങ്ങ് കാണ്ണോത്ത് റോഡില്‍ റേഷന്‍ കട നടത്തുന്ന ഏലവത്തിങ്കല് അന്തോണി മകന് സണ്ണി(63)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു അപകടം. എലവത്തൂര് റോഡില്‍ അന്നകര ഹാപ്പി നഗറിന് സമീപം ബൈക്കുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എലവത്തൂര് സ്വദേശിയായ സനീഷ് സഞ്ചരിച്ചിരുന്ന ബുള്ളറ്റും, സണ്ണി ഓടിച്ചിരുന്ന ഹീറോ പാഷന് പ്രോ ബൈക്കുമാണ് കൂട്ടിയിടിച്ചത്. പാവറട്ടി പോലീസ് സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം സംസ്കാരം പിന്നീട് നടക്കും. ജോയ്സിയാണ് മരിച്ച സണ്ണിയുടെ ഭാര്യ.



