മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു എഗ്രിമെന്റ് വെച്ചിരുന്നതെന്നും നൂറ് കോടി മുതല്‍ മുടക്കിയുള്ള ഇവന്റാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഇതനുസരിച്ച് പണം നല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

നിയമത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി പറഞ്ഞു. പണം വാങ്ങി വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താം. എന്നാല്‍ പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയില്‍ ഉണ്ടാകുമെന്നുമായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരവും ഒരു ഫാന്‍ മീറ്റിംഗും പ്ലാന്‍ ചെയ്തിരുന്നു. ഏത് സ്റ്റേഡിയം എന്നതടക്കമുള്ള വിവരം നല്‍കിയിരുന്നു. സ്‌റ്റേഡിയം എങ്ങനെയായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇവന്റായി മാറ്റാനാണ് തീരുമാനിച്ചിരുന്നത്. ഒരു കോടിയാളുകള്‍ എവിടെ പങ്കെടുക്കുമെന്നതടക്കമുള്ള വിവരങ്ങളും നല്‍കിയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മോഡല്‍ ഉദ്ഘാടമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കണ്‍ഫേര്‍മേഷന്‍ ലഭിച്ച് പൂര്‍ണമായും പണം അടച്ചു. എന്നാല്‍ ലോകകപ്പ് കഴിയട്ടെ എന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. ലോകകപ്പ് കഴിയട്ടെ എന്ന് പറയുന്നതില്‍ ധാരണാ പ്രശ്‌നമുണ്ട്. വരാന്‍ പറ്റില്ലെങ്കില്‍ അത് പറയണം. മറ്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പറഞ്ഞാല്‍ അതിന് തയ്യാറല്ല. പണം കൂടുതല്‍ വേണമെങ്കില്‍ അത് പറയണമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു

ADVERTISEMENT