പാചകവാതക ക്ഷാമത്തെ ചൊല്ലി ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ ബഹളം. അദാനി ഗ്യാസ് പൈപ്പ് കണക്ഷന് നല്കുന്നതില് ഗുരുവായൂരിനെ ഒഴിവാക്കിയത് ഭരണപക്ഷത്തിന്റെ വീഴ്ചയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഇത് മാധ്യമശ്രദ്ധ നേടാനുള്ള ആരോപണം മാത്രമാണെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. ഏറെ നേരം ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ബഹളമായി. റോഡ് വെട്ടിപ്പൊളിക്കാന്‍ നഗരസഭ അനുമതി നല്‍കാത്തതാണ് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ടാറിങ് നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ റോഡ് വെട്ടി പൊളിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. അനുമതി നല്കിയ സ്ഥലങ്ങളില്‍ വാതക പൈപ്പ് ലൈന്‍ കണക്ഷന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതകക്ഷാമം രൂക്ഷമാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. കൗണ്‍സിലില്‍ സ്ഥിരമായി ചായ നല്‍കിയിരുന്നതിന് പകരം നന്നാരി സര്‍ബത്ത് നല്കിയതും പ്രതിപക്ഷം ചോദ്യം ചെയ്തു. ക്ഷാമം കൗണ്‍സില്‍ വരെ എത്തിയിട്ടും ഭരണപക്ഷം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭ അതിര്‍ത്തി നിര്‍ണ്ണയ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ ജലീല്‍ പണിക്ക വീട്ടില്‍ ആവശ്യപ്പെട്ടു. ഹരിത കര്‍മ്മ സേനയുടെ മാലിന്യം റോഡരികില്‍ കെട്ടിക്കിടക്കുന്നതായും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന് അധ്യക്ഷത വഹിച്ചു.



