സഞ്ജുവിന് 31-ാം പിറന്നാള്‍, ആ വമ്പന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ആരാധകര്‍

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31-ാം പിറന്നാള്‍. ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് സഞ്ജു 31-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് മലയാളികളുടെ അഭിമാന താരം പിറന്നാള്‍ ആഘോഷിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. സഞ്ജുവിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആ വമ്പന്‍ പ്രഖ്യാപനം നടത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

അനിശ്ചിചത്വങ്ങള്‍ക്കൊടുവില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന കാര്യം ഉറപ്പായെന്നും താരകൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തീരുമാനം. പിറന്നാള്‍ ദിനത്തില്‍ സഞ്ജുവിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സമൂഹമാധ്യമങ്ങളില്‍ ആശംസനേരുകയും ചെയ്തിരുന്നു.

2015 ജൂലൈ ഒമ്പതിന് സിംബാബ്‌വെക്കെതിരെ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയ സഞ്ജു 2021ല്‍ ശ്രീലങ്കക്കെതിരെ ഏകദിന ടീമിലും അരങ്ങേറി. എന്നാല്‍ ഒരു ദശാബ്ദം നീണ്ട രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി 51 ടി20 മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയശേഷം ടി20 ടീമിന്‍റെ ഓപ്പണര്‍ റോളിലെത്തിയ സഞ്ജു ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പകളിലായിരുന്നു സഞ്ജുവിന്‍റെ സെഞ്ചുറികള്‍.

ഓപ്പണറായി സഞ്ജു സ്ഥാനമുറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കുന്നതും ഓപ്പണറായി കളിപ്പിക്കുന്നതും. ഇതോടെ മധ്യനിരയിലേക്ക് മാറേണ്ടിവന്ന സഞ്ജു ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തിലക് വര്‍മക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചത്.

സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തിനപ്പുറം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013ല്‍ പതിനെട്ടാം വയസില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ കുപ്പായമണിഞ്ഞ 19ാം വയസില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2021ല്‍ ടീമിന്‍റെ നായകനായി വളര്‍ന്ന സഞ്ജു രാജസ്ഥാനെ 2022ല്‍ ഫൈനലിലെത്തിക്കാനും 2024ല്‍ പ്ലേ ഓഫിലെത്തിക്കാനായതുമാണ് സഞ്ജുവിന്‍റെ നേട്ടം. രാജസ്ഥാന്‍ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററും സഞ്ജുവാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കുള്ള കൂടുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ സാക്ഷാല്‍ എം എസ് ധോണിയുടെ പിന്‍ഗാമിയെന്ന നേട്ടവും സഞ്ജുവിന് സ്വന്തമാവും.

ADVERTISEMENT