മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ടെലിഗ്രാഫിന്റെ എഡിറ്ററുമായ സഘര്‍ഷണ്‍ താക്കൂര്‍ വിട വാങ്ങി

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദി ടെലിഗ്രാഫിന്റെ എഡിറ്ററുമായ സങ്കര്‍ഷണ്‍ താക്കൂർ വിട വാങ്ങി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. കാശ്മീര്‍, ബീഹാര്‍, എന്നിവിടങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ച് സങ്കര്‍ഷണ്‍ താക്കൂര്‍ നടത്തിയിട്ടുള്ള വിപുലവും ആഴത്തിലുള്ളതുമായ റിപ്പോര്‍ട്ടിംഗ് ശ്രദ്ധേയമാണ്.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ”സബാള്‍ട്ടേണ്‍ സാഹിബ്” എന്ന പുസ്തകത്തിന്റെ രചയിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതും ഏറെ ശ്രദ്ധ നേടിയതുമായ കൃതിയാണ് ലാലു യാദവിനെയും നിതീഷ് കുമാറിനെയും കുറിച്ചുള്ള രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പായ ”ദി ബ്രദേഴ്‌സ് ബിഹാരി”.

1962-ല്‍ പാട്‌നയില്‍ ജനിച്ച സങ്കര്‍ഷണ്‍ താക്കൂര്‍, പാട്‌നയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും ഡല്‍ഹിയിലെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലുമായി തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അതിനുശേഷം 1983-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹിന്ദു കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. 1984-ല്‍ ‘സണ്‍ഡേ’ മാഗസിനിലൂടെയാണ് അദ്ദേഹം തന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. അതിനുശേഷം ‘ദി ടെലിഗ്രാഫ്’, ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ എന്നിവയില്‍ അസോസിയേറ്റ് എഡിറ്റര്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2009-ല്‍ ‘ദി ടെലിഗ്രാഫില്‍’ തന്റെ രണ്ടാമത്തെ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് മുന്‍പ് അദ്ദേഹം ‘തെഹല്‍ക’യില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍, ഡല്‍ഹിയിലെ ‘ദി ടെലിഗ്രാഫി’ല്‍ എഡിറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു.

പത്രപ്രവര്‍ത്തനത്തിന് പുറമെ, കാര്‍ഗില്‍ യുദ്ധം, പാകിസ്ഥാന്‍, ഉത്തര്‍പ്രദേശിലെ ജാതി അടിസ്ഥാനത്തിലുള്ള ദുരഭിമാനക്കൊലകള്‍ തുടങ്ങിയ ഗുരുതര വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

ADVERTISEMENT