ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത പ്രഹരം. കാലിനേറ്റ പരിക്ക് കാരണം സിഎസ്കെയുടെ വിശ്വസ്ത താരം എം.എസ് ധോണിക്ക് ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസി തന്നെയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം.
സിഎസ്കെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നതിങ്ങനെ… ”എം എസ് ധോണി നിലവില്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലാണ്. ഇതിന്റെ ഭാഗമായി ഐപിഎല്‍ 2026ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, തല.” എന്ന് സിഎസ്കെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
സഞ്ജു സാംസണ് വിക്കറ്റിന് പിന്നിലെത്തും
ധോണിയുടെ അഭാവത്തില്‍ വിക്കറ്റ് കീപ്പിംഗ് ചുമതല ഇന്ത്യയുടെ ഓപ്പണര്‍ സഞ്ജു സാംസണ് ഏറ്റെടുക്കും. ധോണിയുടെ പിന്‍ഗാമിയായിട്ടാണ് സഞ്ജുവിനെ ടീം മാനേജ്മെന്റ് കാണുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലേലത്തിന് മുന്നോടിയായി വലിയൊരു ട്രേഡിലൂടെയാണ് സഞ്ജു ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജ, സാം കറന് എന്നീ രണ്ട് പ്രമുഖ താരങ്ങളെ രാജസ്ഥാന് റോയല്‍സിന് നല്‍കിയാണ് സിഎസ്കെ സഞ്ജുവിനെ സ്വന്തമാക്കിയത്.
ധോണിയുടെ കഴിഞ്ഞ സീസണ്
2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ഐപിഎല്ലില്‍ മാത്രമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈക്കായി 14 മത്സരങ്ങളിലും അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. 135.17 സ്ട്രൈക്ക് റേറ്റില്‍ 196 റണ്‍സാണ് അദ്ദേഹം കഴിഞ്ഞ തവണ നേടിയത്. റുതുരാജ് ഗെയ്ക്വാദിന് പരിക്ക് കാരണം കഴിഞ്ഞ സീസണ് നഷ്ടമായപ്പോള്‍ ടീമിനെ നയിച്ചതും ധോണിയായിരുന്നു. ധോണിക്ക് പരിക്കേറ്റത് ചെന്നൈ ക്യാമ്പിനെ ആശങ്കയിലാക്കുന്നുണ്ടെങ്കിലും, സഞ്ജു സാംസണെപ്പോലൊരു താരം ടീമിലുള്ളത് ആരാധകര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.



