ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ശുചിത്വസാഗരം സുന്ദരതീരം’ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം, ചെങ്കോട്ട ബീച്ച് എന്നിവിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു ഹരിത കര്‍മസേനക്ക് കൈമാറി. ഗുരുവായൂര്‍ എംഎല്‍എ – എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷതയില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്‍ നായര്‍ സ്വാഗതമാശംസിച്ചു.
ബ്ലാങ്ങാട് ബീച്ചില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി.കെ കബീര്‍, ഗിരിജ പ്രസാദ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍, കോസ്റ്റല്‍ പോലീസ് പ്രതിനിധി, ബ്ലാങ്ങാട് ബീച്ച് ലൗവേഴ്‌സ് ക്ലബ് വോളന്റിയര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, ചാവക്കാട് കരാട്ടെ സ്‌കൂള്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബീച്ചില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. പ്ലാസ്റ്റിക്, ചെരിപ്പ്, തെര്‍മോകോള്‍ എന്നിവയടക്കം ചാവക്കാട് ബീച്ചില്‍ നിന്നും 500 കിലോഗ്രാമോളം മാലിന്യം നീക്കം ചെയ്തു.