ഗുരുവായൂരില്‍ വണ്‍വേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ക്ക് ക്രൂരമര്‍ദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മര്‍ദ്ദനമേറ്റത്. മഞ്ജുളാല്‍ ജംഗ്ഷനില്‍ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍നിന്ന് ശബരിമല ദര്‍ശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേല്‍പ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിയുകയായിരുന്നു.
ഇടത്തോട്ട് തിരിയാന്‍ ഹരീഷ് നിര്‍ദ്ദേശം നല്‍കിയെങ്കിലും ബസ് മുന്നോട്ട് എടുത്തു. ഹരീഷ് പുറകെ എത്തി കൈകൊണ്ട് ബസ്സില്‍ അടിച്ചു. ബസിന്റെ ഇടതു ഭാഗത്തുള്ള ക്വാര്‍ട്ടര്‍ ഗ്ലാസ് പൊട്ടി ഹരീഷിന്റെ കൈക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് ബസ്സില്‍ നിന്ന് പുറത്തിറങ്ങിയ തമിഴ്‌നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.



