ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും

ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ നാലിന് നടതുറന്ന് വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി മംഗലത്ത് നാരായണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പട്ടിശ്ശേരി കൃഷ്ണകൃപ സംഘത്തിന്റെ തിരുവാതിരകളി, നടക്കല്‍ പറവെപ്പും ഉണ്ടായി. ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിക്കും. വാദ്യകലാകാരന്മാരായ കവുകോട് മണി , തിച്ചൂര്‍ സുധി , വരവൂര്‍ അപ്പു, ആലംകോട് വേണു, കടവല്ലൂര്‍ മോഹനന്‍ മാരാര്‍എന്നിവരുടെ പ്രമാണത്തില്‍ പഞ്ചവാദ്യവും, മേളത്തില്‍ ആലിക്കര ഉണ്ണികൃഷ്ണനും നേതൃത്വം നല്‍കും. ഗജവീരന്‍ വടക്കുനാഥന്‍ ശിവന്‍ ദേവിയുടെ തിടമ്പേറ്റും. തുടര്‍ന്ന് പതിമൂന്നോളം ദേശ പൂരങ്ങള്‍ ക്ഷേത്രത്തിലെത്തും.

രാത്രിയില്‍ ദീപരാധന, ചുറ്റുവിളക്ക് , ആലിക്കര ഗൗരിദാസിന്റെ തായമ്പകയും അരങ്ങേറും. ശേഷം കൊമ്പ് പറ്റ് ,കുഴല്‍പറ്റ് , കേളി എന്നിവ നടക്കും രാത്രി എട്ടിന് കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റിയുടെ ഗാനമേളയും അരങ്ങേറും. വ്യാഴാഴ്ച്ച പുലര്‍ച്ചെ 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിക്കും. പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡന്റ് കെ ശങ്കരന്‍നായര്‍ , സെക്രട്ടറി കെ രവീന്ദ്രന്‍ , ട്രഷറര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നല്‍കും.

ADVERTISEMENT