സംസ്ഥാന സ്‌കൂള്‍ കലോല്‍സവം സംസ്‌കൃത പദ്യത്തിലും , കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി ചാലിശ്ശേരി സ്‌കൂള്‍ വിദാര്‍ത്ഥിനി റിദ ഫാത്തിമ . ശ്ലോകങ്ങളുടെ ശുദ്ധസ്വരവും കഥകളി സംഗീതത്തിന്റെ ആഴമുള്ള താളലോകവും ഒരേ വേദിയില്‍ അവതരിപ്പിച്ചുകൊണ്ടാണ് 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ റിദ ഫാത്തിമ ശ്രദ്ധേയമായത്. അഞ്ചാം ക്ലാസ് മുതല്‍ ഒന്നാം ഭാഷയായി സംസ്‌കൃതം പഠിച്ചുവരുന്ന റിദ, ഭാഷയുടെ സൗന്ദര്യം സ്വരത്തിലേക്കും ഭാവത്തിലേക്കും ലയിപ്പിച്ച പ്രകടനമാണ് അവതരിപ്പിച്ചത്. സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ അഷ്ടപദി, സംസ്‌കൃത ഗാനാലാപനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്ത അനുഭവസമ്പത്ത് സംസ്ഥാന വേദിയില്‍ റിദയ്ക്ക് കരുത്തായി. തോടി രാഗത്തില്‍ ആലപിച്ച ലോകപാലന്മാരെ എന്ന കഥകളി സംഗീത പദം, ശ്രോതാക്കളുടെ മനസില്‍ ദീര്‍ഘനാദമായി മുഴങ്ങി. സംസ്‌കൃത പദ്യത്തിനായി സത്യവ്രത ശാസ്ത്രികളുടെ ശ്രീരാമകീര്‍ത്തി മഹാകാവ്യത്തിലെ വരികളാണ് റിദ ശ്ലോകലയം ചേര്‍ത്ത് ചൊല്ലിയത്.



