കെഎസ്ആര്‍ടിസി എടപ്പാള്‍ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പില്‍ സ്‌ക്രാപ്പിംഗ് കേന്ദ്രത്തിനു തറക്കല്ലിട്ടു

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന രജിസ്റ്റര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) പദ്ധതിയുടെ ഭാഗമായി, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രജിസ്റ്റര്‍ഡ് വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രമായ കെഎസ്ആര്‍ടിസി – സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭത്തിന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ എടപ്പാളില്‍ തറക്കല്ലിട്ടു. സംസ്ഥാനത്ത് വാഹന റിസൈക്ക്ലിംഗ് മേഖലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ഈ പദ്ധതിയെ വിലയിരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

കെ.ടി. ജലീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. അബ്ദുല്‍ സമദ് സമദാനി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി ആര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറാ സിറാജ്, ഗതാഗതവകുപ്പ് സെക്രട്ടറി പി.ബി. നൂഹ് ഐഎഎസ്, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പ്രമോദ് ശങ്കര് ഐഒഎഫ്എസ്, കെഎസ്ആര്‍ടിസി – സിംകോ ആര്‍വിഎസ്എഫ് സംയുക്തസംരംഭം ഡയറക്ടര്‍മാരായ ബിനു കൃഷ്ണന്, സന്ദീപ് കൃഷ്ണന്, ഫാസില്‍ ഹബീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ മൂന്ന് രജിസ്റ്റേഡ് ആര്‍വിഎസ്എഫ് സംവിധാനങ്ങളാണ് പ്രവര്ത്തിക്കുന്നത്. ഇതില്‍ മധ്യകേരളത്തില്‍ പൂര്‍ണമായും സേവനം നല്‍കുന്ന ഏക ആര്‍വിഎസ്എഫ് കേന്ദ്രമാണ് എടപ്പാളിലെ കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് സംയുക്ത സംരംഭം നടപ്പാക്കുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളാണ് എടപ്പാള്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുക. ഈ ജില്ലകളിലെ വാഹന ഉടമകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി സേവനം ലഭ്യമാക്കുന്നതിനായി, കെഎസ്ആര്‍ടിസി-സിംകോ ആര്‍വിഎസ്എഫ് തന്നെ നിയന്ത്രിക്കുന്ന അധികൃത കളക്ഷന് സെന്ററുകള് വിവിധ കേന്ദ്രങ്ങളില്‍ ഉടന്‍ ആരംഭിക്കും.

കെഎസ്ആര്‍ടിസിയുടെ എടപ്പാള്‍ റീജിയണല്‍ വര്‍ക്ക്ഷോപ്പിനോടു ചേര്‍ന്ന 3 ഏക്കര്‍ ഭൂമിയില്‍ 30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ കേന്ദ്രത്തിന് പ്രതിദിനം 100 മെട്രിക് ടണ്‍ വരെ വാഹനങ്ങള്‍ ശാസ്ത്രീയമായി സ്‌ക്രാപ് ചെയ്യാനുള്ള ശേഷിയുണ്ടാകും. 8 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്ത്തനമാരംഭിക്കുന്ന ഈ പദ്ധതിയിലൂടെ, പ്രവര്‍ത്തനമാരംഭിച്ച ആദ്യ വര്‍ഷം തന്നെ ഏകദേശം 300 കോടി രൂപയുടെ വാര്‍ഷിക ടേണ്‍ ഓവര്‍ ലക്ഷ്യമിടുന്നതായും അധികൃതര്‍ അറിയിച്ചു.

ADVERTISEMENT