ഗുരുവായൂരില്‍ ശാന്തിമഠം വില്ല തട്ടിപ്പ്. ഒരാള്‍ കൂടി അറസ്റ്റില്‍. ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ മഞ്ജുഷയെയാണ് തൃശൂര്‍ സിറ്റി സ്‌ക്വാഡും ഗുരുവായുര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരില്‍ വില്ലകള്‍ നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപരില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. ഇത് സംബന്ധിച്ച് 2012 -2018 കാലയളവില്‍ ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ 100 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 31 ലധികം കേസുകളില്‍ മഞ്ജുഷ പ്രതിയായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിചിരുന്നു. വിചാരണക്ക് കോടതിയില്‍ ഹാജരാകാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കോടതി വാറന്റ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോയുടെ നിര്‍ദേശ പ്രകാരം ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.എം. ബിജു, തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ കെ. സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം മാളയില്‍ നിന്ന് പ്രതിയെ പിടികൂടിയത്. മറ്റ് പ്രതികളായ രാകേഷ് മനു, രഞ്ജിഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .
ADVERTISEMENT