തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് മൂന്ന് മണിവരെയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസരം. ഇന്നലെ വരെ 95,369 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികള്‍ക്ക് ഭീഷണിയായി വിമതര്‍ രംഗത്തുണ്ട്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. അതേസമയം, പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍.

വീറും വാശിയും നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ഇതോടെ രാഷ്ട്രീയ കേരളം പ്രവേശിക്കും. പത്രിക സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ മത്സരചിത്രം തെളിയും. വിമതരെയും, അസന്തുഷ്ടരെയും അനുനയിപ്പിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് പാര്‍ട്ടികള്‍. ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയാകുന്ന വിമതരുടെയും, സ്വതന്ത്രരുടെയും പത്രിക പിന്‍വലിപ്പിക്കാന്‍ അണിയറശ്രമങ്ങള്‍ സജീവമാണ്. അതിന് തയ്യാറാകാത്തവര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരും. മത്സര ചിത്രം തെളിയുന്നതോടെ തിരഞ്ഞെടുപ്പ് പോര്‍ക്കളം സജീവമാകും.

ADVERTISEMENT