തൃശൂര്‍ പൂരത്തിന് ഫിറ്റ്‌നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുക രാമനായിരിക്കും. ഫിറ്റ്‌നസ് പരിശോധനകള്‍ പൂര്‍ത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ശിവകുമാറും ഫിറ്റ്‌നസ് പരിശോധനകള്‍ പാസ്സായി. നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പന്‍ എറണാകുളം ശിവകുമാര്‍ പൂര വിളംബരം നടത്തും. സ്ഥിരമായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാര്‍. പൂരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്.
മറ്റന്നാള്‍ (ചൊവ്വ) രാവിലെ കണിമംഗലം ശാസ്താവിന്റെ വരവോടെ മുപ്പത് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരത്തിന് തുടക്കമാകും. തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. വൈകുന്നേരം ഏഴുമണിക്ക് തിരുവമ്പാടിയും പിന്നീട് പാറമേക്കാവും സാമ്പിള്‍ വെടിക്കെട്ടിന് തിരിതെളിക്കും.
ആനചമയങ്ങളുടെ വിസ്മയകാഴ്ച്ചകളുമായി തിരുവമ്പാടി,പാറമേക്കാവ് ദേവസ്വങ്ങളുടെ ചമയപ്രദര്‍ശനങ്ങള്‍ ആരംഭിച്ചു.സ്‌പെഷ്യല്‍ കുടകള്‍ കൂടാതെ ആയിരത്തിനടുത്ത് കുടകളാണ് ഇത്തവണയും പ്രദര്‍ശനത്തിനുള്ളത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജന്‍,ഡോ ആര്‍ ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഇരുവിഭാഗങ്ങളുടെയും ചമയപ്രദര്‍ശനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആയിരങ്ങളാണ് ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ ചമയപ്രദര്‍ശനം ആസ്വദിക്കാന്‍ എത്തിയത്.
ക്ഷേത്രം ആഗ്രശാലയിലാണ് പാറമേക്കാവിന്റെ ചമയപ്രദര്‍ശനം,കൗസ്തുഭം ഹാളില്‍ തിരുവമ്പാടിയുടെ പ്രദര്‍ശനവും.വര്‍ണ്ണകുടകള്‍ക്ക് പുറമെ നെറ്റിപട്ടവും വെണ്‍ചാമരവും ആലവട്ടവുമൊക്കെ പ്രദര്‍ശനത്തിനുണ്ട്,സ്‌പെഷ്യല്‍ കുടകള്‍ ചമയത്തില്‍ ഉള്‍പ്പെടുത്താറില്ല.