തൃശ്ശൂര്‍ വോട്ടർപ്പട്ടികയിലെ ക്രമക്കേട്; രണ്ട് ഫ്‌ളാറ്റിൽ നിന്നുമാത്രം ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്

തൃശ്ശൂരിലെ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് നടന്നതിന്റെ കൂടുതല്‍ തെളിവുകള്‍ റിപ്പോര്‍ട്ടറിന്. പൂങ്കുന്നം ശങ്കരംകുളങ്ങരയിലെ ഫ്‌ളാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. തൊട്ടടുത്ത ബൂത്തില്‍ 38 വോട്ടുകളും ചേര്‍ത്തു. ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനാല്‍ ഇവര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറുമായ വത്സല ബാബുരാജ്  പറഞ്ഞു.

അനധികൃതമായി ചേര്‍ത്തവരില്‍ ഒരാള്‍ മാത്രമാണ് വോട്ട് ചെയ്തതെന്നാണ് അറിയാന്‍ സാധിക്കുന്നത്. പൂങ്കുന്നത്തെ ഇന്‍ലന്‍ഡ് അപ്പാര്‍ട്ട്‌മെന്റില്‍ മാത്രം 79 വോട്ട് ക്രമരഹിതമായി ചേര്‍ത്തു. ഇവരൊന്നും തന്നെ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരല്ല. ഇവരെല്ലാം ആലത്തൂര്‍ മണ്ഡലത്തിലുള്ളവരാണ്. വാട്ടര്‍ലില്ലി ഫ്‌ളാറ്റിലും 39 പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തുവെന്നും വത്സലാ ബാബുരാജ്  പറഞ്ഞു.

തൃശ്ശൂരിലെ പത്തോളം ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ വോട്ട് ചേര്‍ക്കല്‍ നടന്നെന്നാണ് വിവരം. തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

ADVERTISEMENT