തീരുവ യുദ്ധത്തിൽ കേരളത്തിനും ക്ഷീണം: ചെമ്മീൻ മുതൽ കശുവണ്ടി മേഖലയെ വരെ ബാധിക്കും

ട്രംപിന്റെ അമേരിക്ക ഏർപ്പെടുത്തിയ ഏറ്റവും കൂടിയ പകരച്ചുങ്കം. സമ്പൂർണ വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഇന്ത്യയുൾപ്പടെ 60 രാജ്യങ്ങൾക്ക് മേൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമേ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് യുക്രൈൻ യുദ്ധത്തിൽ അവരെ സഹായിക്കാനാണ് തുടങ്ങിയ വരട്ടുന്യായങ്ങൾ പറഞ്ഞ് വീണ്ടും 25 ശതമാനം. അത് ഓഗസ്റ്റ് 27-ന് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കുള്ള യുഎസ് തീരുവ 50 ശതമാനമാകും. വിദേശരാജ്യങ്ങൾക്ക് മേൽ യുഎസ് ചുമത്തിയ തീരുവകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയല്ലാതെ ഈ വലിയ നികുതി ചുമത്തിയ രാജ്യം ബ്രസീൽ മാത്രമാണ്.

രാജ്യത്തെ സമുദ്രോത്പന്നമേഖലയിൽ മാത്രം ഇരുപത്തിയയ്യായിരം കോടിയുടെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോത്പന്ന വിപണിയാണ് യുഎസ് എന്നതാണ് ട്രംപിൻ്റെ അധിക തീരുവ ഇത്രമേൽ ആഘാതമേൽപ്പിക്കാനുള്ള സാധ്യത ഉയർത്തുന്നത്. ഇന്ത്യയുടെ അറുപതിനായിരം കോടി വരുന്ന സമുദ്രവിഭവ കയറ്റുമതിയുടെ 40 ശതമാനവും ചെന്നെത്തുന്നത് യുഎസിലേക്കാണ്. ഇതിൽ ചെമ്മീനാണ് മുൻപന്തിയിൽ. കഴിഞ്ഞവർഷം 23 ലക്ഷം ഡോളറിൻ്റെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്. അതിനാൽ തീരുവയിലുണ്ടായ പ്രഹരം രണ്ടുകോടി ചെമ്മീൻ കർഷകരെയും അനുബന്ധ തൊഴിലാളികളെയും നേരിട്ട് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
സമുദ്രോത്പന്ന കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന എതിരാളിയായ എക്വഡോറിന് യുഎസ് 10 ശതമാനം തീരുവ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഇന്തോനേഷ്യയ്ക്കും വിയറ്റ്നാമിനും യഥാക്രമം 19, 20 ശതമാനമാണ് തീരുവ. താരതമ്യേനെ കുറഞ്ഞ തീരുവയുള്ള ഈ രാഷ്ട്രങ്ങൾ നിലവിലെ സാഹചര്യം മുതലാക്കി കൂടുതൽ സമുദ്രോത്പന്നങ്ങൾ യുഎസിലേക്ക് ഒഴുക്കും. ഇതുവഴി ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മേൽക്കോയ്മ നഷ്ടമാകും. ഇന്ത്യയ്ക്ക് ദോഷകരമായ നിലയിൽതന്നെ യുഎസിന്റെ തീരുവ തുടരുകയാണെങ്കിൽ, കടൽവിഭവ കയറ്റുമതിക്കാർ നഷ്ട‌ത്തിൽനിന്ന് കരകയറാൻ മറ്റ് വിപണികൾ തിരഞ്ഞുപോകേണ്ടിയും വരും.

കഴിഞ്ഞവർഷം യുഎസ് 330 കോടി ഡോളറിൻ്റെ ഉത്പന്നങ്ങൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്‌തിരുന്നു എന്നതും ശ്രദ്ധേയമാണ്. യുഎസ് സഖ്യകക്ഷിയായ യൂറോപ്യൻ യൂണിയനും എണ്ണയുൾപ്പടെയുള്ള റഷ്യൻ ഉത്പന്നങ്ങൾ വാങ്ങുന്നുണ്ട്. ഇവർക്കാർക്കുമില്ലാത്ത പിഴ ഇന്ത്യക്ക് മാത്രമേർപ്പെടുത്തിയത് യുഎസിന്റെ ഇരട്ടത്താപ്പാണ് എന്നതാണ് ആക്ഷേപം.
വ്യക്തിപരമായി എന്തു നഷ്‌ടം നേരിടേണ്ടിവന്നാലും രാജ്യത്തെ കർഷകരുടെയും മീൻപിടിത്തത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താത്പര്യം സംരക്ഷിക്കും. ഇന്ത്യ വിട്ടുവീഴ്‌ച ചെയ്യില്ല എന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. കർഷകരുടെ താത്‌പര്യമാണ് പരമപ്രധാനം. വ്യക്തിപരമായി ഇതിന് കനത്തവില നൽകേണ്ടിവരുമെന്നറിയാം എങ്കിലും അതിന് തയ്യാറാണ് എന്ന് മോദി പറയുന്നു. പ്രധാനമന്ത്രിയുടെ ഉറ്റസുഹൃത്താണ് ട്രംപ് എന്ന് പറയപ്പെടുന്നതെങ്കിലും ആ സൗഹൃദം വ്യപാരബന്ധങ്ങളിൽ കാണുന്നില്ല എന്നാണ് പരക്ക ഉയരുന്ന വിമർശനം. ബദൽ വഴികൾ ഇന്ത്യ കണ്ടെത്താനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

ADVERTISEMENT