അവശ്യ സര്‍വീസുകള്‍ മാത്രം; യുഎസ് ഷട്ട്ഡൗണിലേക്ക്; സൂചന നൽകി ട്രംപ്

യുഎസ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗണ്‍ സാധ്യതയെക്കുറിച്ച് സൂചന നല്‍കിയത്. ‘ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണ്’, ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും സ്തംഭനത്തിലേക്ക് പോകും.

1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും. നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹായം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്‌സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിക്കുന്നത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്‌സിഡി നിലനിര്‍ത്തണമെന്ന് ഡെമോക്രാറ്റ്‌സും വാദിക്കുന്നു.

ഷട്ട്ഡൗണ്‍ നടപ്പിലാക്കുന്നത് താത്ക്കാലിക ജോലിയുമായി മുന്നോട്ടുപോകുന്നവരെ സാരമായി ബാധിക്കും. ഇവര്‍ക്ക് ശമ്പളം ഷട്ട്ഡൗണ്‍ കഴിഞ്ഞാല്‍ മാത്രമേ ലഭ്യമാവൂ. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, അതിര്‍ത്തി സംരക്ഷണ ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, എഫ്ബിഐ, ടിഎസ്എ ഏജന്റുമാര്‍ തുടങ്ങി പലര്‍ക്കും ജോലി തുടര്‍ന്നാലും ശമ്പളം തടസ്സപ്പെടും. പാസ്പോര്‍ട്ട്, വിസ, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡുകള്‍ പോലുള്ള സേവനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകും. ചെറുകിട ബിസിനസ് വായ്പകള്‍, ഭക്ഷ്യ സഹായ പദ്ധതികള്‍, ഗവേഷണ പദ്ധതികള്‍ മുതലായവ തടസ്സപ്പെടാനും സാധ്യതയേറെയാണ്.

ADVERTISEMENT